അന്നൊരിക്കൽ

ഓർമ്മകൾ ഒക്കെ മങ്ങി തുടങ്ങി എങ്കിലും രാത്രികളിൽ അദ്ദേഹം പഴയ വള്ളപ്പാട്ടുകൾ പാടി ഞങ്ങളെ അതിശയിപ്പിച്ചിരുന്നു “പച്ച കദളി കുലകൾക്കിടക്കിടെ മെച്ചത്തിൽ നന്നായി പഴുത്ത പഴങ്ങളും..” 

കടുംപിടുത്തക്കാരൻ ആയിരുന്ന അപ്പൂപ്പനെ ഒരിക്കലും എനിക്കങ്ങനെ സങ്കൽപ്പിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല. അന്നൊരിക്കൽ രാത്രി പാട്ടൊക്കെ കഴിഞ്ഞദ്ദെഹം വാവിട്ട് കരയാൻ തുടങ്ങി “രാത്രിയിലാ പ്രസവിച്ചത്… ചെല്ലപ്പൻ എന്ന് പേര് വിളിച്ചു… പക്ഷേ കൊരവ ഇട്ടില… പെണ്ണല്ലാത്ത കൊണ്ട് ആരും കൊരവ ഇട്ടില്ല…”

മാസമുറ വരിഞ്ഞ് മുറുക്കുന്ന ദിവസങ്ങളിൽ രാത്രിയിൽ എനിക്ക് പെണ്ണുങ്ങൾ കൊരവ ഇടുന്നത് കേൾക്കാം, സിമൻ്റെ കെട്ടിടങ്ങൾക്ക് മുകളിലെ ബാൽക്കണികളിൽ നിന്നവർ ചിരുത പ്രസവിക്കുന്നതും നോക്കി അക്ഷമരായി ഉലാത്തുന്നത് കാണാം. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന സ്ത്രീകളുടെ ശബ്ദമാണത്, അവർക്ക് പരിചയമുള്ള ആ ധൂഷിത വലയത്തിൽ മറ്റൊരുവൾ വന്ന് വീഴുമ്പോൾ മാത്രം ഉള്ള ആനന്ദ ശബ്ദം; അപ്പൂപ്പന് അതറിയില്ലായിരുന്നു.