രേശം മജ്‌രി

ഏഴു കൊല്ലങ്ങൾക് മുന്നേ ഡൽഹിയിലെ ഒരു കുടുസ് മുറിയിലിരുന്നവൾ വാതോരാതെ രേശം മജ്‌രി  എന്ന അവളുടെ നാടിനെ പറ്റി പറയുമ്പോൾ പുളു ആണെന് പറഞ്ഞുതള്ളി അവളെ ഞാൻ ചൊടിപ്പിച്ചിരുന്നു. ആ ദീപാവലിക്ക് പാപ്പാ നാട്ടിൽ നിന്ന് വന്നപ്പോൾ പച്ചയും പിങ്കും കലർന്ന ഒരു സൂട്ട് എനിക്കും കൊണ്ടുവന്നു തന്നു. പല നുണകൾക്കവസാനം ഞാനാ വീട്ടിൽ പോയി, കഥകളിൽ മാത്രം കേട്ടുപരിചയം ഉള്ള ആ വീട്. 

തോർത്തും മുണ്ടും ഉടുത്ത അമ്മുമ്മമാരെ മാത്രം കണ്ടുപരിചയം ഉള്ള എനിക്ക് സൽവാറും കമ്മീസും ഇട്ട ബീജിയെ കണ്ടപ്പോൾ കൗതുകം കൂടി. പഞ്ചാബി മാത്രം സംസാരിക്കുന്ന അവരുടെ വീട്ടിൽ പ്രീത് ഞങ്ങൾക്കിടയിലെ ട്രാൻസ്ലേറ്റർ ആയി. ഇൻഡോ-പാക് പാർട്ടീഷന്റെ ഓർമ്മകൾ അവതാർ കൗർ എന്ന ധീരയായ ബീജിയെ ഇന്നും വേട്ടയാടുന്നു. ഭൂതകാലം ചർച്ചചെയ്യാൻ ആഗ്രഹിക്കാത്ത ആ വീട് എന്നെ ഒരുപാട് കംഫോര്ട്ടബിൾ ആക്കി. പനീർ ബജിയയും കേസർ ബദാം പാലും കുടിച്ചുഞങ്ങൾ പാടത്തേക്കോടി. നട്ടുച്ചക്ക് ട്രാക്ടറിൽ കറങ്ങുന്ന ഞങ്ങളെ കാണാൻ നാട്ടുകാരും ഉണ്ടായിരുന്നു. 

മൾബറി മരങ്ങൾക്കിടയിലൂടെ ആ വഴി ചുറ്റി വരുമ്പോൾ ഗോതമ്പും, കരിമ്പും, ഇടക്ക് പൂത്തുനിൽക്കുന്ന വലീയ മാവുകളും ഉള്ള അവളുടെ വീട് പഴയ കരൺ ജോഹർ സിനിമകളിലെ ഗ്രാമ വീടുകളെക്കാളും സുന്ദരം ആയിരുന്നു. പാടത്തിനപ്പുറം അങ്ങ് മലമുകളിൽ മസൂറി പട്ടണം കാണാം..

പണ്ടൊക്കെ പ്രീതിനെ ഓർക്കുമ്പോൾ ചാന്ദിനി ചൗക്കും ചാവടി ബസാറും ഒക്കെ ആയിരുന്നു കണ്ണിലേക്കു ഇരച്ചുവരാറ്‌. ഇന്നിപ്പോൾ അടുത്ത ഡിസംബറിൽ കടുക് പൂക്കുമ്പോൾ നീവരുന്നതും നോക്കി ഞങ്ങൾ കാത്തിരിക്കും എന്ന് പറഞ്ഞെന്നെ യാത്ര അയക്കുന്ന പപ്പയും ബീജിയും മമ്മിയും റിക്കിയും ഒക്കെ ഉണ്ടീ കണ്മുന്നിൽ.