അച്ഛനും അരുന്ധതിയും

കെട്ടുപാടുകളില്ലാത്തത് എന്ന സംസ്‌കൃത പദമാണ് അരുന്ധതി, അച്ഛനാണ് എനിക്കാ പേര് തന്നത്. വളരെ ചുരുക്കം ആളുകളെ എന്നെ അരുന്ധതി എന്ന് കംഫോര്ട്ടബിലി വിളിക്കാറുള്ളു. പക്ഷെ അച്ഛൻ ഒരിക്കൽ പോലും എന്നെ അരുന്ധതി എന്ന് വിളിച്ചിട്ടില്ല.

ഓവർ പ്രൊട്ടക്റ്റീവ് ആയിരുന്ന അച്ഛന് എന്നെ “സെറ്റ് ഫ്രീ” ചെയ്യാൻ പാടായിരുന്നു, നിരാശയോടെ ആണോ അച്ഛൻ എന്നെ സ്വതന്ത്ര ആക്കിയത് എന്നെനിക്ക് അറിയില്ല. കെട്ടുപാടുകൾ മാത്രം ഉള്ള ഒരു ഭൂതകാലത്തിലെ ഏറ്റവും വലിയ റിസ്ക് തന്നെയായിരുന്നു അരുന്ധതി. അതുകൊണ്ട് തന്നെ നാട്ടിലെ അമ്പലകുരങ്ങുകൾക്കിടയിലെ ചന്തകുരങ്ങാണ്‌ എന്നും അരുന്ധതി. 

സ്കൂളിൽനിന്ന് തിരിച്ചുവരുമ്പോൾ കാറിന്റെ പിൻസീറ്റിൽ മലർന്ന് കിടന്ന് ആകാശം കണ്ടാണ് വീട്ടിലേക്ക് പോയിട്ടുള്ളത്. പുതിയകാവ് കഴിഞ്ഞുള്ള ഓരോ മരക്കൊമ്പും, കറന്റ് കമ്പികളും, ആകാശവും എനിക്ക് അത്ര പരിചിതമാണ്. അച്ഛൻ അന്നൊക്കെ എന്നോട് ചോദിക്കുമായിരുന്നു ഞാൻ അതിൽ എന്ത് ആനന്ദമാണ് കണ്ടത്തെത്തുന്നതെന്ന്. എനിക്കറിയില്ല. ഇന്ന് വീട്ടിൽ നിന്ന് ഒരുപാട് അകലെ ഇരുന്നു കണ്ണടക്കുമ്പോൾ എനിക്കാ കാഴ്ചകൾ ഓർമ്മവരും, ഓരോ വളവിൽ വണ്ടി ചരിയുമ്പോഴും  ആടിയുലയുന്ന എന്നെ ഓര്മ്മ വരും, അച്ഛനെ ഓർക്കും.