പാൽശാപം

ഫോണിലൂടെ ഇടയ്ക് കേൾക്കാറുള്ള അപരിചിതസ്വരങ്ങളിൽ ഒന്ന് - അയാൾ ഒരു ഗുജ്ജർ ആണ് എന്നും ദില്ലി അവരുടെ ശക്തി കേന്ദ്രം ആണെന്നും പറഞ്ഞു. രാത്രി വീട്ടിലെത്തി ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോൾ അയാൾ വീണ്ടും വിളിച്ചു, മീറ്റിംഗ് എത്രയും പെട്ടന്ന് തന്നെ തരപ്പെടുത്തി കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഫോൺ സംഭാഷണം കേട്ടെന്റെ കൂട്ടുകാരി ചിരിച്ചു - രാജസ്ഥാനിലെ കോട്ടയിലാണ് അവളുടെ അമ്മ വീട്. 2007ന്റെ അവസാനത്തിൽ എപ്പോഴോ റിസർവേഷന്റെ പേരിൽ ഗുജ്ജർ ലഹള നടക്കുമ്പോൾ അവൾ കോട്ടയിലായിരുന്നു. ലഹള അതിന്റെ മൂർച്ഛസ്ഥായിയിൽ എത്തിയപ്പോൾ കട-കമ്പോളങ്ങൾ എല്ലാം അടച്ചവർ പ്രതിഷേധിച്ചു. മാസങ്ങൾ മാത്രം പ്രായം ഉണ്ടായിരുന്ന അവളുടെ അനുജന് നൽകാൻ പാലോ പാൽപൊടിയോ കിട്ടിയിരുന്നില്ല, അവൻ അന്ന് നിർത്താതെ കരയുമായിരുന്നത്രെ.

രാവിലെ അയാൾ വീണ്ടും എന്നെ മീറ്റിംഗിനെ പറ്റി ഓർമ്മിപ്പിച്ചു, അയാളുടെ ധൃതി കണക്കിലെടുത്തു ഞാൻ എന്റെ മാനേജറോട് രാവിലെ തന്നെ കാര്യം പറഞ്ഞു. വിവാദങ്ങളിൽ ഏർപ്പെട്ട ഒരു കെണി ആണെന്ന് മാനേജർ എന്നോട് പറഞ്ഞു, ഓഫീസ്മുറിയുടെ കോണിലിരുന്ന എന്റെ കൂട്ടുകാരി ചിരിച്ചുകൊണ്ട് പറഞ്ഞു അവളുടെ അനുജന് പാൽ കിട്ടാത്തതിന്റെ ശാപം അയാൾക്കുണ്ടാകും എന്ന്. അയാളെ ഒഴിവാക്കാനായി ഞാൻ ഫോൺ ചെയ്ത് ഡേറ്റ് ഇല്ല എന്ന് വിശദീകരിച്ചപ്പോൾ അയാൾ നടന്ന സംഭവങ്ങൾ ഒക്കെ വിവരിച്ചു. വൈകുന്നേരം ആയപ്പോൾ മാനേജർ പ്ലേറ്റ് മാറ്റി, അയാൾ ഗുജ്ജർ ആണ് എന്നും ഉടൻ തന്നെ  മീറ്റിംഗ് ശരിപ്പെടുത്താനും ആവശ്യപ്പെട്ടു, അപ്പോഴേക്കും ഞാൻ അയാളുടെ ജീവചരിത്രം മുഴുവൻ കലക്കി കുടിച്ചിരുന്നു. മീറ്റിംഗിന് ശേഷം അയാൾ എന്നെ അന്വേഷിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. ഇന്ന് ഡൽഹിയിലെ ഊടുവഴികളിലെ ഭിത്തിയിൽ അയാളുടെ പേര് ഞാൻ ഇടയ്ക്കിടെ കാണാറുണ്ട്. പിൽകാലത്ത് എന്നെങ്കിലും അയാളുടെ പേര് കണ്ടാൽ ഞാൻ ഓർക്കും  കൂട്ടുകാരിയുടെ അനുജന്റെ പാൽശാപം.