പൂതം ഒരു ലോറിയിൽ കയറി പോയി

"കേട്ടിട്ടില്ലേ തുടികൊട്ടും കളർ-
ന്നോട്ടുചിലമ്പിൻ കലമ്പലുകൾ 
അയ്യയ്യാ , വരവമ്പിളിപൂങ്കല 
മെയ്യിലണിഞ്ഞകരിമ്പൂതം "

പൂതപ്പാട്ട് കേൾക്കുമ്പോൾ എനിക്ക് മെഷീനുകൾ ആണ് ഓർമ്മ വരിക, തീസിസ് തലയ്ക്ക്  പിടിച്ചതാണെന്നാ പൊതുവേ ഉള്ള ആക്ഷേപം. ഒരിയ്ക്കലും forsee ചെയ്ത കാര്യമല്ല ഞാൻ  ടെക്നോളജിയിൽ ആവും റിസർച്ച് ചെയ്യുക എന്നത്, പക്ഷെ ഇപ്പോൾ തോന്നുന്നു അതൊട്ടും യാദൃശ്ചികം അല്ല എന്ന് . മെഷീൻ ആണെൻറെ 'അമ്പിളിപ്പൂങ്കുല മെയ്യിലണിഞ്ഞ കരിമ്പൂതം'. 

ഈ സെമസ്റ്റർ Technology and Human Values എന്നൊരു കോഴ്സ് ഞാൻ ചെയ്യുന്നുണ്ട് , എന്റെ ഫീൽഡുമായെ ഒരു ബന്ധവും ഇല്ലാത്ത Btech പിള്ളേരാണ് ക്ലാസ്സ്‌മേറ്റ്സ്. കാഫ്കയുടെ  The Penal Colony എന്ന കൃതി ഒരു മെഷീനെ പറ്റിയുള്ള ഏറ്റവും ഇമാജിനേറ്റീവ് ആയ ഡിസ്ക്രിപ്ഷൻ ആണെന്ന് പ്രൊഫസർ പറഞ്ഞപ്പോൾ പിള്ളാർക്ക് വള്ളീം പുള്ളീം തിരിഞ്ഞില്ല. കഥ വായിച്ചപ്പോൾ എനിക്ക് Travancore  Paper Mills  അല്ലാതെ മറ്റൊന്നും ഓർമ്മയിൽ വന്നില്ല . യാദൃശ്ചികം എന്നപോലെ അതേ  ആഴ്ച തന്നെ മെഷീനറി ഇളക്കി കൊണ്ടുപോകാൻ അവർ വന്നിരുന്നു. അയ്യയ്യാ, പിച്ചള തോടയും പണ്ടങ്ങളും ചായക്കിരീടവും എല്ലാംകൂടി വലീയ  കുറേ ലോറികൾ വേണ്ടി വന്നെന്നാ അച്ഛൻ പറഞ്ഞത്. 

പൂതം  ഒരുപാടുപേരെ തിന്നു, പക്ഷെ ഇരുപത് വർഷങ്ങൾക് ശേഷം പൂതം ഒരു ലോറിയിൽ കയറി പോയപ്പോൾ വിഷമം തോന്നി. ബീന പറയും അന്നാദ്യമായി മെഷീൻ കൊണ്ടുവന്നപ്പോൾ നാട്ടുകാരൊക്കെ കൂടി റോഡ് ബ്ലോക്ക് ആക്കി എന്ന് , ആശ്ചര്യം അതായിരുന്നു ഭാവം. ഇന്നിപ്പോൾ അത് അഴിച്ചുമാറ്റി എങ്ങോട്ടോ കൊണ്ടുപോയപ്പോഴും നാട്ടുകാരൊക്കെ തടിച്ചുകൂടിയിരുന്നു, ഭാവങ്ങൾ പലത്. അച്ഛൻ അതിനൊപ്പം   നടന്നാകെ  കരിവാളിച്ചിരിക്കുന്നു, കുഞ്ഞുലക്ഷ്മിയുടെ കല്യാണ ഫോട്ടോയിൽ നോക്കിയാൽ കാണാം മെലിഞ്ഞുണങ്ങിയ ശരീരത്തിൽ പൂതം വിട്ടു പോയ കരിവാളിപ്പ്. പറക്കോട്ട് ചന്തയിൽ ചെമ്പ് പാത്രങ്ങൾ വിറ്റ ലാഘവത്തോടെ ഇപ്പോൾ കഥ പറയുന്നുണ്ടെങ്കിലും എനിക്കറിയാം പൂതം അച്ഛനെ വിട്ട് പോകില്ല എന്ന്. 

"കേട്ടിട്ടില്ലേ തുടികൊട്ടും കളർ-
ന്നോട്ടുചിലമ്പിൻ കലമ്പലുകൾ..."