അമ്മമ്മ പറഞ്ഞ കടവത്തൊന്നും കാറ്റില്ല

അപ്പ അന്ന് കോഴിക്കോട്ട് ആയിരുന്നു , അപ്പു ചേട്ടന്റെ അമ്മുമ്മ കത്തിൽ ഇങ്ങനെ എഴുതി " സത്യയെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോയി ", മാതൃഭൂമിയിൽ അന്ന് ആശാപൂർണ ദേവിയുടെ പ്രഥമ പ്രതിശ്രുതി അച്ചടിച്ച് വരുന്ന സമയമായിരുന്നു. സത്യയുടെ കഥ അടുക്കള തിണ്ണമേൽ കുത്തിയിരുന്ന് കേൾക്കുമ്പോൾ എനിക്ക് തോന്നി സത്യവതി അമ്മമ്മയും, സുവര്ണലത ബീനയും , അവരുടെ മകൾ ഞാനും ആണെന്ന്. കഥ അവസാനിക്കും മുൻപ് അമ്മമ്മ എന്നെ ചീത്ത പറഞ്ഞ വിളിച്ചുകൊണ്ട് പോയി.

" ഏടത്തീടെ മണം അടിച്ചിട്ടില്ലിവൾക്, ഒരുക്കകാരിയാ" താര കുഞ്ഞമ്മ ചിരിച്ചുകൊണ്ടെന്നെ നുള്ളി .ചപ്പിയ മൂക്കുള്ള പെണ്ണുങ്ങൾ മൂക്കുത്തി ഇടാറില്ലത്രേ, ആരോടും അഭിപ്രായം ചോദിച്ചില്ല, ഗാന്ധിനഗറിലെ ഒരു ഗുജറാത്തി കടയിൽ കയറി ഞാൻ മൂക്കും ചെവിയും തുളച്ചു , വീട്ടിൽ അച്ഛന് ഇഷ്ടായി, അപ്പയ്ക്കും. കൊച്ചുപുന്തല വല്യമ്മക്കും അപ്പച്ചിക്കും ഒക്കെ മൂക്കുത്തി ഉണ്ടായിരുന്നു, പക്ഷെ ശബരിക്കൽ ആരും മൂക്ക് തുളച്ചിരുന്നില്ല.
 "ചെട്ടിച്ചി പെണ്ണുങ്ങളെ പോലെ ഉണ്ട്, ഊരി കള പെണ്ണെ" ബീന മുറുമുറുത്തു
മേൽകാതിലെ  കമ്മലിൽ പിടിച്ചുകൊണ്ട് അമ്മമ്മ എന്നെ ശകാരിച്ചു " മേത്തച്ചി പെണ്ണുങ്ങളാ ഇങ്ങനെ കാത് കുത്താർ, ഇനി എന്താ ബാക്കി? കൊറത്തിയെ  പോലെ പച്ച കൂടി കുത്തിക്കോ "

തിരിച്ചു പോകാൻ ഒരാഴ്ച മുൻപ് ബീന എന്റെ കയ്യിൽ പൈസ തന്നിട്ട് പറഞ്ഞു "അമ്മമ്മ വരും". കരുനാഗപ്പള്ളിയിലെ ഒരു സ്വർണ്ണകടയിൽ കയറി അമ്മമ്മ എനിക്കൊരു സദനം വാങ്ങി തന്നു, വെള്ള കല്ലുവെച്ച ഒരു കുഞ്ഞു മൂക്കുത്തി. കടയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പണ്ട് ഞങ്ങളുടെ മുക്കിനു കട നടത്തിയിരുന്ന വിജയലക്ഷ്മിയെ കണ്ടു " ബീനേടെ മോളാണോ? അയ്യോ അങ്ങ് കരിവാളിച്ചു പോയല്ലോ " അമ്മമ്മയുടെ മറുപടി ഉടൻ വന്നു " ഒറ്റക്ക് ഇങ്ങനെ നാട് കണ്ട് നടക്കുവല്ലിയോ, കടൽ കാറ്റിന്റെയാ, ആ അവളെങ്കിലും കാണട്ടെ".

അമ്മമ്മയുടെ ലോജിക് എനിക്കൊരിക്കലും പിടി കിട്ടിയിട്ടില്ല, പക്ഷെ അമ്മമ്മ പറഞ്ഞ കടവത്തൊന്നും കാറ്റില്ല. ഞാൻ ബസ്റ്റോപ്പിലേക് കയറി നിന്നപ്പോൾ കുടയൊക്കെ പൊക്കി സത്യവതി വിജയലക്ഷ്മിയേം കൊണ്ട് വീട്ടിലേക് നടന്നു, കൊച്ചുമകളെ തിരിഞ്ഞു നോക്കിയകൂടി ഇല്ല. മഴയിൽ കുളിച്ചു  ബസ്സ് വന്നു, അതിൽ ചെട്ടിച്ചിയും , മേത്തച്ചിയും, കൊറത്തിയും ഒക്കെ ഉണ്ടായിരുന്നു..